പാലക്കാട്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ വ്യവസ്ഥകൾക്ക് വിധേയമായി എഴുന്നള്ളിക്കാൻ അനുമതി നൽകി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വ്യവസ്ഥകൾക്ക് വിധേയമായി ജില്ലയിൽ ഉത്സവാഘോഷങ്ങളിൽ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കരുതെന്നാണ് നിർദ്ദേശം.
എഴുന്നള്ളത്ത് ആരംഭിച്ച് അവസാനിക്കുന്നത് വരെയുള്ള ആനയുടെ വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്. എ ഡി എം കെ മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജില്ലയിൽ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളിൽ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാനുളള അനുമതി ചോദിച്ചുളള അപേക്ഷകളുടെ അടിസ്ഥാനത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടിയന്തിരമായി ചേർന്നത്.
അതേസമയം, കഴിഞ്ഞ ദിവസം പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയ സംഭവത്തിൽ ക്ഷേത്ര ഭരണ സമിതി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണെന്നും ക്ഷേത്രകമ്മിറ്റി വ്യക്തമാക്കി.

