സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഈ രാജ്യം; ഓരോ വിനോദസഞ്ചാരിക്കും 13000 രൂപ വച്ച് നൽകാൻ തീരുമാനം

തായ്‌വാൻ: സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികളുമായി തായ്‌വാൻ. കോവിഡ് വ്യാപനത്തിന് ശേഷം തകർന്നുപോയ തങ്ങളുടെ വിനോദ സഞ്ചാരമേഖലയെ പഴയ അവസ്ഥയിലേക്ക് എത്തിക്കാൻ വേണ്ടിയാണ് തായ്‌വാന്റെ പുതിയ പ്രഖ്യാപനം. ഓരോ വിനോദസഞ്ചാരിക്കും 13000 രൂപ വച്ച് നൽകാനാണ് തായ്‌വാന്റെ തീരുമാനം. അഞ്ച് ലക്ഷം ടൂറിസ്റ്റുകൾക്കാണ് ഈ തുക നൽകുക. ഡിസ്‌കൗണ്ട്, ലക്കിഡ്രോ എന്നിവയിലൂടെയാണ് തുക ടൂറിസ്റ്റുകൾക്ക് ലഭ്യമാകുക. വിവിധ പർച്ചേസുകളിലൂടെയും ഈ തുക സ്വന്തമാക്കാൻ കഴിയും.

ട്രാവൽ ഏജൻസികൾക്കും തായ്‌വാൻ സമ്മാനം നൽകുന്നുണ്ട്. നിശ്ചിത എണ്ണം സഞ്ചാരികളെ തങ്ങളുടെ രാജ്യത്ത് എത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കാണ് സമ്മാനം ലഭിക്കുന്നത്. അമ്പതിനായിരം രൂപയോളമാണ് ഇത്തരത്തിൽ ട്രാവൽ ഏജൻസികൾക്ക് ലഭിക്കുക. ഡിജിറ്റൽ ഇടപാടിലൂടെയായിരിക്കും സമ്മാനത്തുകയുടെ വിതരണം. തായ്വാൻ ട്രാൻസ്പോർട്ട് മിനിസ്റ്റർ വാങ് കുവോ സായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ചാരികൾക്ക് തായ്‌വാനിലെത്തുമ്പോഴുള്ള താമസം ഉൾപ്പടെയുള്ള ചെലവുകൾക്കായി ഈ തുക വിനിയോഗിക്കാം.

82 മില്യൺ ഡോളറാണ് തായ്‌വാൻ സഞ്ചാരികൾക്കായി വിതരണം ചെയ്യുക. ടൂറിസം മേഖലയിൽ നിന്നാണ് തായ്വാൻ ജിഡിപിയുടെ നാല് ശതമാനവും വരുന്നത് കൂടിയാണ്. കോവിഡ് വൈറസ് വ്യാപനവും ചൈനയുമായുണ്ടായ സംഘർഷവും തായ്‌വാന്റെ ടൂറിസം മേഖലയ്ക്ക് തിരിച്ചടി സൃഷ്ടിച്ചിരുന്നു.