ദിവസം 100 ലിറ്റര്‍ വെള്ളം പോരെയെന്ന് ചോദിച്ച മന്ത്രിയുടെ വീട്ടിലെ വെള്ളത്തിന്റെ ഉപയോഗം 61000 ലിറ്റര്‍

തിരുവനന്തപുരം: സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയില്‍ മാസം ശരാശരി ഉപയോഗിക്കുന്നത് 61000 ലിറ്റര്‍ വെള്ളം. കഴിഞ്ഞ ജൂണ്‍-ജൂലായ് മാസത്തില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉപയോഗിച്ച വെള്ളത്തിന്റെ കണക്കാണ് പുറത്തുവന്നത്.

1.22 ലക്ഷം ലിറ്റര്‍ വെള്ളമാണ് കഴിഞ്ഞ രണ്ടുമാസക്കാലയളവില്‍ മന്ത്രി ഭവനത്തില്‍ ഉപയോഗിച്ചത്. അതായത് മാസം ശരാശരി ഉപയോഗം 61000 ലിറ്റര്‍. നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അതേസമയം, വെള്ളക്കരം കൂട്ടിയ തീരുമാനത്തെ ന്യായീകരിച്ച് നാലംഗ കുടുംബത്തിന് ഉപയോഗിക്കാന്‍ ദിവസം 100 ലിറ്റര്‍ വെള്ളം പോരെയെന്ന് മന്ത്രി നേരത്തെ ചോദിച്ചിരുന്നു.

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രണ്ട് കുടിവെള്ള കണക്ഷനാണ് ഉള്ളത്. ജൂണ്‍-ജൂലായ് മാസം ഇതില്‍ ഒന്നില്‍ 1.12 ലക്ഷം ലിറ്റര്‍ വെള്ളവും രണ്ടാമത്തേതില്‍ 10000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചുവെന്നാണ് കണക്ക്. രണ്ട് കണക്ഷനിലുമായി 2542 രുപയാണ് ബില്ല് വന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ ശരാശരി നോക്കിയാല്‍ തന്നെ മാസം ഏകദേശം 40000 ലിറ്റര്‍ വെള്ളമാണ് മന്ത്രിയുടെ വീട്ടിലെ ശരാശരി ഉപഭോഗം.