തിരുവനന്തപുരം: ‘പഴയ’ വിജയനുള്ള മറുപടി ഖനത്തിൽ തരാത്തത് താങ്കളിരിക്കുന്ന ചെയറിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. നിയമസഭയിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളിൽ മറുപടി ഇല്ലാതാകുമ്പോൾ, പണ്ട് അടി കൊണ്ടു ഓടിയ കാര്യങ്ങൾ ചർച്ചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭീരുവായി താങ്കൾ അധഃപതിക്കരുതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എത്ര തന്നെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും, സഭയിലെ യുഡിഎഫ് MLAമാരുടെ ചോദ്യങ്ങളിൽ നിന്ന് താങ്കൾക്ക് രക്ഷ നേടാൻ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കാണിച്ചു കൂട്ടിയ വൃത്തികേടുകൾക്ക് മറുപടി പറയാതെ പോകാനും കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഊണിലും ഉറക്കത്തിലും കൂടെ നടന്നിരുന്ന സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഒരുളുപ്പുമില്ലാതെ പറഞ്ഞയാളാണ് പിണറായി വിജയൻ. ദൃശ്യങ്ങളൊക്കെ പുറത്തുവന്നിട്ടും സ്വപ്നയുമായി ഒരു പരിചയവുമില്ല എന്ന് മട്ടിലാണ് ഇപ്പോഴും കള്ളങ്ങൾ പറയുന്നത്. സ്വപ്നയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെ പറ്റിയുള്ള മാത്യുവിന്റെ ചോദ്യത്തിൽ തന്നെ മുഖ്യമന്ത്രി ഭയചകിതനായിരുന്നു. താനും സംഘവും നടത്തിയിട്ടുള്ള കോടികളുടെ അഴിമതി പുറത്തുവരുമോ എന്ന ഭയം മുഖ്യമന്ത്രിയുടെ ശരീരഭാഷയിൽ ഉടനീളം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ പിണറായി വിജയൻ, പുതിയ പിണറായി വിജയൻ, ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾ, ഇരട്ടച്ചങ്കൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയിൽനിന്ന് ഇറങ്ങിയോടി. പകരം കയ്യോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയിൽ കണ്ടത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പൊലീസ് നൽകുന്നതാണെന്നും അതു വേണ്ടെന്നു പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നുമുള്ള പിണറായിയുടെ തള്ള് ചരിത്രബോധമുള്ളവർ കേട്ട് ചിരിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് എഴുതിക്കൊടുക്കുകയും കേവലം ഒരു പൈലറ്റ്, ഒരു എസ്‌കോർട്ട് എന്നിവയുമായി 5 വർഷം കേരളം ഭരിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തെ ഡിവൈഎഫ്ഐക്കാർ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചപ്പോൾ പോലും സുരക്ഷ കൂട്ടാൻ ഉമ്മൻ ചാണ്ടി സമ്മതിച്ചില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
കറുത്ത തുണിയെപ്പോലും പേടിക്കുന്ന പിണറായി വിജയൻ ഇപ്പോൾ പ്രധാനമന്ത്രിക്കുള്ള എസ്പിജി പ്രൊട്ടക്ഷനെപ്പോലും തോൽപ്പിക്കുന്ന രീതിയിലുള്ള വൻസന്നാഹവുമായാണ് ജനങ്ങളെ വഴിനീളെ ബുദ്ധിമുട്ടിലാക്കി യാത്ര ചെയ്യുന്നത്. ഇതു ഭീരുത്വമല്ലെങ്കിൽ മറ്റെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

