വരാപ്പുഴ സ്‌ഫോടനം; പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജില്ലാ കളക്ടർ

കൊച്ചി: കൊച്ചി വരാപ്പുഴ സ്‌ഫോടനത്തിൽ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്. സ്‌ഫോടനമുണ്ടായത് അനധികൃത ശേഖരത്തിൽ നിന്നാണെന്ന് കളക്ടർ വ്യക്തമാക്കി. ജയ്‌സൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിന്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നു രേണു രാജ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വാരാപ്പുഴയിലെ പടക്കശാലയിൽ സ്‌ഫോടനം നടന്നത്. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഒരാൾ മരണപ്പെടുകയും ചെയ്തു. വരാപ്പുഴ സ്വദേശി ഡേവിസാണ് മരിച്ചത്. ചൂടാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കിലോമീറ്ററുകൾ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമെത്തി. കളക്ടർ സംഭവത്തിൽ തഹസിൽദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം അറിയിച്ചു.