കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായെന്ന വാർത്തകൾ നിഷേധിച്ച് മുസ്ലിംലീഗ്. പുതുതായി രൂപവത്കരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ലെന്ന് ലീഗ് അറിയിച്ചു.
ഉന്നത നേതാക്കളെ വിവിധ കളങ്ങളിലാക്കി തിരിച്ച് വിഭാഗീയമായി ജില്ലാ നേതാക്കളെ കൂട്ടിക്കെട്ടി ചാപ്പകുത്താനുള്ള ശ്രമം പാർട്ടി വിരുദ്ധരുടെ പ്രചാരവേലയാണെന്നും ലീഗ് അറിയിച്ചു. യോഗം തീരുംമുമ്പ് പി കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി മടങ്ങിയെന്നൊക്കെയുള്ള വാർത്തകൾ വിലകുറഞ്ഞ ഭാവനാ സൃഷ്ടിയാണെന്നും ലീഗ് വ്യക്തമാക്കി.
ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം എല്ലാവരെയും അഭിനന്ദിച്ചാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്. പുതുതായി രൂപവത്കരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ എല്ലാ ജില്ലാ കമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ വന്നത്. കോഴിക്കോട്ടും അതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് കൂട്ടിച്ചേർത്തു.

