ആർഎസ്എസ്-ബിജെപി വർഗീയ ധ്രുവീകരണ പ്രവർത്തനത്തെ ഫലപ്രദമായി എതിർക്കാൻ കേരളത്തിൽ കോൺഗ്രസിനാകുന്നില്ല; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസ്-ബിജെപി വർഗീയ ധ്രുവീകരണ പ്രവർത്തനത്തെ ഫലപ്രദമായി എതിർക്കാൻ കേരളത്തിൽ കോൺഗ്രസിനാകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. മുതലമട ഗ്രാമ പഞ്ചായത്തിലുണ്ടായത് ഇതിന്റെ പ്രധാന ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതലമട ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ചേർന്ന് ഇടതിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി മുന്നോട്ട് വന്നു. അവിടെ മാത്രമല്ല, വിവിധ പഞ്ചായത്തുകളിൽ ഇത്തരം ബന്ധം കേരളത്തിൽ രൂപപ്പെട്ട് വരുന്നത് കാണാനാകുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആർഎസ്എസ് -ബിജെപി അജണ്ട. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് കൈപിടിയിൽ ഒതുക്കുക എന്നതിന്റെ ഉന്നം പ്രതിപക്ഷ മുക്ത ആർഎസ്എസ് ഭാരതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.