തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി എന്ന് കേൾക്കുമ്പോൾ പൊള്ളുന്നത് ആർക്കാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് അഴിമതിയിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം സഭയിൽ ഉന്നയിക്കുമ്പോൾ മന്ത്രിമാർ തന്നെ പ്രതിപക്ഷത്തെ തടസപ്പെടുത്തുന്നതിന്റെ കാരണം എന്താണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാൻ ആണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൂടി പങ്കളിത്തം ഉള്ള ലോക്കറിൽ നിന്നാണ് 63 ലക്ഷം കണ്ടെടുത്തത്. 9.25 കോടി ആണ് ഈ കോഴ. ലൈഫ് മിഷനിൽ കോഴ നടന്നു എന്ന് മുൻപ് തോമസ് ഐസക്കും എ കെ ബാലനും പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ കോഴ ഇന്ത്യയിൽ വേറെ വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ വീഞ്ഞ് തന്നെയാണ് വീണ്ടും ഇറക്കുന്നത്. പഴയ ശിവശങ്കർ വീണ്ടും അറസ്റ്റിലാകുന്നു. തങ്ങൾക്ക് ഈ കേസിലെ മദനകാമ രാജൻ കഥകളോട് താൽപര്യം ഇല്ല. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ കുറിച്ച് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞ കഥകൾ ഓർക്കണം. കേരളത്തിൽ കെട്ടിടം നിർമിക്കാൻ യുഎഇ കോൺസുലേറ്റ് ക്വട്ടേഷൻ വിളിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ലൈഫ് മിഷൻ ചെയർമാൻ ആണ് മുഖ്യമന്ത്രി. വാട്‌സ് ആപ് ചാറ്റ് പുറത്തു വരുമ്പോൾ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകുമെന്നും വി ഡി സതീശൻ ചോദിക്കുന്നു.

