ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി; സരിതയുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തന്റെ മുന്‍ ഡ്രൈവറായ വിനുകുമാര്‍ ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ രക്ത സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലാണ് സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുക. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലാണ്.

അതേസമയം, രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറയുന്നു. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ച് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്ന് മനസ്സിലായിയെന്നും സരിത വ്യക്തമാക്കി.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഡ്രൈവര്‍ വിനുകുമാര്‍ സരിത നല്‍കിയ പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ നല്‍കി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.