ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി. മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

സുപ്രീം കോടതി വിധി പ്രകാരം ഓപ്ഷന്‍ നല്‍കാനുള്ള സമയം തീരാന്‍ പതിനൊന്ന് ദിവസം മാത്രമുള്ളപ്പോഴാണ് സര്‍ക്കുലര്‍ ഇറങ്ങുന്നത്. 2014 സെപ്റ്റംബര്‍ ഒന്നിന് സര്‍വീസിലുണ്ടായിരുന്ന ഇപ്പോഴും തുടരുന്നവര്‍ക്കും ആ തിയ്യതിക്കു ശേഷം വിരമിച്ചവര്‍ക്കും സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത ഓപ്ഷന്‍ നല്‍കാനാണ് അവസരമൊരുക്കിയിട്ടുള്ളത്.

ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി കോടതി നിര്‍ദ്ദേശപ്രകാരം അടുത്ത മാസം മൂന്നിന് അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍, സാങ്കേതിക നടപടികള്‍ നീണ്ടതിനാല്‍ മെയ് മൂന്നു വരെ ഓപ്ഷന്‍ നല്‍കാമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇപിഎഫ്ഒ കാലതാമസം വരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.