ബംഗളുരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ബെൽഗാവിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് മല്ലികാർജുൻ ഖാർഗെയെ അപമാനിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മല്ലികാർജുൻ ഖാർഗെ പേരിൽ മാത്രമാണ് പ്രസിഡന്റായി ഇരിക്കുന്നത്. റിമോട്ട് കൺട്രോൾ ആരാണെന്ന് എല്ലാവർക്കും അറിയാം. ഖാർഗെയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിൽ ഖാർഗെയെ ഒരു കുടുംബം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. കർണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു.
റായ്പൂരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സെഷനിൽ പാർട്ടിയുടെ തലവനും മുതിർന്ന നേതാവുമായ ഖാർഗെ ജി കനത്ത വെയിലത്ത് നിൽക്കുന്നത് താൻ കണ്ടു. എന്നാൽ ആർക്കാണ് കുട ചൂടി നൽകിയതെന്നും നാം കണ്ടു. കുറെ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തത്. പ്ലീനറി സമ്മേളനത്തിനിടെ സോണിയ ഗാന്ധിക്ക് കുട ചൂടി കൊടുക്കുന്ന ദൃശ്യം പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

