തിരുവനന്തപുരം: കോൺഗ്രസ് പ്ലീനറിയിലുണ്ടായ പാർട്ടി ഭരണഘടനാ ഭേദഗതിയിൽ വിയോജിപ്പ് പ്രകടമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പാർട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളിൽ മദ്യവർജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നൽകിക്കൊണ്ടുള്ള തീരുമാനത്തിനെതിരെ അദ്ദേഹം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. ഫേസബുക്ക് പേജിലൂടെ അദ്ദേഹം കത്ത് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
മദ്യവർജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവും പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുടെ മുദ്രാവാക്യവും അഭിമാനകരമായ സവിശേഷതയുമായിരുന്നെന്ന് സുധീരൻ കത്തിൽ പറയുന്നു. ഈ വ്യവസ്ഥകൾ ഭേദഗതി ചെയ്യുമ്പോൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും തള്ളിപ്പറയുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകൾ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാൻ കഴിയില്ല. തീരുമാനം വളരെ ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
മദ്യ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയവും സാമൂഹ്യപ്രശ്നവുമായി ഉയർന്നുവരുന്ന കാലത്താണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നതും ഗൗരവപൂർവം കാണേണ്ടതുണ്ട്. പ്ലീനറി സമ്മേളനത്തിൽ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. തീരുമാനം രാജ്യത്തെ മദ്യവിൽപനയെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

