ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങള്‍.
നടിയും നിര്‍മാതാവും കൂടിയായ ഖുശ്ബു ഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരിക്കെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു.

