ലൈഫ് മിഷന്‍ കേസ്: ഇഡിക്ക് മുമ്പില്‍ ഇന്ന് ഹാജരാവില്ല; സി.എം രവീന്ദ്രന്‍ നിയമസഭയിലെ ഓഫീസിലെത്തി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയിടപാടില്‍ ഇന്ന് രാവിലെ 10 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കെ രവീന്ദ്രന്‍ നിയമസഭയിലെ ഓഫീസിലെത്തി. നിയമസഭയുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്.

മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇ.ഡിക്ക് അധികാരമുണ്ട്. കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ സ്വപ്ന സുരേഷുമായി ബന്ധമില്ലെന്ന നിലപാടാണ് സി.എം രവീന്ദ്രന്. എന്നാല്‍, ലൈഫ്മിഷനില്‍ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ കോഴയിടപാട് നടന്നതായും ഈ പണം ഗൂഢാലോചനയില്‍ പങ്കുള്ളവര്‍ക്ക് ലഭിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. രവീന്ദ്രനും സ്വപ്നയും തമ്മില്‍ വാട്‌സ്ആപ്പ് വഴി നടത്തിയ സംഭാഷണങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

അതേസമയം, വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മിക്കാന്‍ യു.എ.ഇ റെഡ് ക്രസന്റ് കരാറുകാരായ യൂണിടെക്കിന് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് കേസ്. കോഴത്തുക ആര്‍ക്കൊക്കെ ലഭിച്ചെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇ.ഡിയുടെ അന്വേഷണം.