ദൂരദര്‍ശനും ആകാശവാണിയും ഇനി മുതല്‍ മതരാഷ്ട്ര പ്രചാരകര്‍: മന്ത്രി മുഹമ്മദ് റിയാസ്‌

ദൂരദര്‍ശനും ആകാശവാണിയും ഇനി മുതല്‍ മതരാഷ്ട്ര പ്രചാരകരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. മതവര്‍ഗീയ വാര്‍ത്തകളുടെ പ്രസരണ കേന്ദ്രമായ ഹിന്ദുസ്ഥാന്‍ സമാചാറുമായി വാലന്റൈന്‍സ് ദിനത്തിലാണ് പ്രസാര്‍ഭാരതി ബാന്ധവത്തിന് തുടക്കമിട്ടിരിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ എങ്ങോട്ടാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

അതേസമയം, 2024-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദൂരദര്‍ശനിലും ആകാശവാണിയിലും വ്യാജവിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള നീക്കമാണിതെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന വാര്‍ത്താ ഏജന്‍സിയെ പ്രസാര്‍ഭാരതിയുടെ അടിസ്ഥാന വാര്‍ത്താ സ്രോതസ്സാക്കാനുള്ള തീരുമാനത്തിനെതിരേ ജനാധിപത്യവിശ്വാസികള്‍ രംഗത്തുവരണമെന്ന് സി.പി.എം. പി.ബി. അംഗം എം.എ. ബേബിയും പ്രതികരിച്ചു.

പി.ടി.ഐ. (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ), യു.എന്‍.ഐ. (യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ) എന്നീ സ്വതന്ത്ര വാര്‍ത്താ ഏജന്‍സികളെ ഒഴിവാക്കിയാണ് പ്രസാര്‍ ഭാരതിയുടെ പുതിയ കരാര്‍. സബ്സ്‌ക്രിപ്ഷന്‍ ഫീസ് കൂടുതലാണെന്ന കാരണത്താല്‍ രാജ്യത്തെ ഏറ്റവും വലുതും വിശ്വാസ്യതയേറിയതുമായ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യുമായുള്ള വാര്‍ത്താ കരാര്‍ 2020-ല്‍ നിര്‍ത്തലാക്കിയിരുന്നു. പുതിയ കരാര്‍ പ്രകാരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ദിവസവും 100 വാര്‍ത്തകളെങ്കിലും പ്രസാര്‍ഭാരതിക്കു നല്‍കണം. 2025 മാര്‍ച്ചുവരെയുള്ള കരാറിലേക്ക് ഫീസായി 7.7 കോടി രൂപ സര്‍ക്കാര്‍ നല്‍കും.