തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബില്ലിന് ഗവർണർ അവതരണ അനുമതി നൽകിയില്ല. ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കില്ല. കോഴിക്കോട് സർവകലാശാലയിൽ യഥാസമയം തിരഞ്ഞെടുപ്പു നടത്താതെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താൽക്കാലിക സിൻഡിക്കറ്റ് രൂപീകരിക്കാനുള്ള ഭേദഗതി ബില്ലിനാണ് ഗവർണർ അവതരണാനുമതി നിഷേധിച്ചിത്.
എക്‌സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13 പേരെ പുതുതായി നാമനിർദേശം ചെയ്യാനാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ വരുന്നത് ഒഴിവാക്കാനും സർവകലാശാല ഭരണം പൂർണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് യഥാസമയം തിരഞ്ഞെടുപ്പു നടത്താതെ പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതെന്നാണ് ബില്ലിനെതിരെ ഉയർന്നിട്ടുള്ള ആരോപണം.
സർക്കാരിന്റെ സഞ്ചിത നിധിയിൽനിന്ന് അധിക തുക ചെലവാക്കേണ്ടതുള്ളതായി ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു ഭരണഘടനയുടെ 299 (1) വകുപ്പ് പ്രകാരം ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു ഗവർണറുടെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. എന്നാൽ അനുമതി നൽകാൻ കൂട്ടാക്കാതെ ഗവർണർ ഹൈദരാബാദിലേക്ക് പോകുകയായിരുന്നു.

