തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ തള്ളി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശുപാർശ തള്ളിയത്. ഭരണ പരിഷ്‌ക്കാര കമ്മീഷനാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി ശുപാർശ തള്ളിയത്.
പ്രവർത്തി ദിവസം 15 മിനിറ്റ് വർദ്ധിപ്പിച്ച് നാലാം ശനിയാഴ്ച അവധി നൽകാം എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇടത് സംഘടനകൾ തന്നെ നിർദ്ദേശത്തെ എതിർത്ത് രംഗത്തെത്തി. അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്നായിരുന്നു സർവീസ് സംഘടനകളോട് ചീഫ് സെക്രട്ടറി ആദ്യം പറഞ്ഞിരുന്നത്. എതിർപ്പിനെ തുടർന്നാണ് കാഷ്വൽ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കിയത്. എന്നാൽ, സംഘടന വീണ്ടും ശക്തമായ എതിർപ്പ് അറിയിക്കുകയായിരുന്നു.

