സ്വതന്ത്രമായി പ്രവർത്തിക്കുന്ന രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളെ അപമാനിക്കുന്നു; സോണിയാ ഗാന്ധിയ്ക്ക് മറുപടിയുമായി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്ന വിമർശനത്തിന് മറുപടിയുമാണ് സോണിയാ ഗാന്ധി രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിനെതിരേയുള്ള സോണിയയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളെ അപമാനിക്കുന്നതാണ് സോണിയയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പാർട്ടിയുടെ തകർച്ച എന്തുകൊണ്ടാണെന്ന് തിരിച്ചറിവില്ലാതെയുള്ള സോണിയയുടെ പ്രസംഗം നിരാശാജനകമാണ്. മോദിയുടെ ഭരണത്തിന് കീഴിൽ പട്ടികകജാതി, പട്ടികവർഗം ഉൾപ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്ത്രീകളും മധ്യവർഗത്തിൽപ്പെട്ടവരും വികസനത്തിന്റെ ഗുണഭോക്താക്കളായി. ബിജെപിയുടെ സത്യസന്ധമായ ഭരണംകൊണ്ടാണ് ഇത് സാധ്യമായത്. എന്നാൽ സോണിയാ ഗാന്ധിയും കോൺഗ്രസും ഈ വസ്തുതകൾ തിരിച്ചറിയാൻ തയ്യാറല്ല. രാജ്യത്തെ ജനങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യാത്തതിന് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തരുത്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സത്യസന്ധമായ ആത്മപരിശോധന നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര വിമർശനങ്ങളാണ് സോണിയാ ഗാന്ധി ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി-ആർഎസ്എസ് സഖ്യവും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്ത് അട്ടിമറിക്കുകയാണെന്നും എതിർദബ്ദങ്ങളെ നിശബ്ദമാക്കിയെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു. റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പരാമർശം. ബിജെപി സർക്കാർ ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് രാജ്യത്ത് സാമ്പത്തിക നാശമുണ്ടാക്കിയെന്നും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിച്ചുവെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രവിശങ്കർ പ്രസാദ് മറുപടിയുമായി എത്തിയത്.