കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടാന്‍ മതനിരപേക്ഷ, സോഷ്യലിസ്റ്റ് കക്ഷികളുടെ ഐക്യത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ആഹ്വാനം ചെയ്തു.
‘സമാന ഹൃദയരായ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിക്കാന്‍ വേണ്ടതെല്ലാം പാര്‍ട്ടി ചെയ്യും. മൂന്നാം മുന്നണി ബിജെപിക്കാകും ഗുണം ചെയ്യുക. ജവാഹര്‍ലാല്‍ നെഹ്റു വ്യക്തമാക്കിയ ‘ഇന്ത്യ എന്ന ആശയ’ത്തിലൂന്നി കോണ്‍ഗ്രസ് നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും ഫെഡറലിസത്തിനും വേണ്ടിയാണ്. 2024 ല്‍ തങ്ങളെ എതിരിടാന്‍ ആരുമില്ലെന്നു പറയുന്ന ബിജെപി നേതാക്കള്‍ അഹങ്കാരത്തിന്റെ പരകോടിയിലാണ്. ഇതു കോണ്‍ഗ്രസിനു മാത്രമല്ല, മറ്റു കക്ഷികള്‍ക്കും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസ് ഈ വെല്ലുവിളി സ്വീകരിക്കുന്നു. ഈ വര്‍ഷം 9 നിയമസഭകളിലേക്കും അടുത്ത വര്‍ഷം ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിക്കുതന്നെ നിര്‍ണായകമാണ്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന പ്രാദേശിക മതനിരപേക്ഷ ശക്തികളെയും ഉള്‍പ്പെടുത്തിയുള്ളതാകണം പ്രതിപക്ഷ കൂട്ടായ്മ. ബൃഹത്തായ ജനസമ്പര്‍ക്ക പരിപാടിയിലൂടെ 2024 ലേക്കുള്ള ദര്‍ശനരേഖ തയാറാക്കും. വികസനം മനുഷ്യസ്പര്ശിയാകണം. നിര്‍ധനരുടെ ജീവിതസാഹചര്യം മെച്ചപ്പെടണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം’- പ്രമേയം വ്യക്തമാക്കുന്നു.

