തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറിഗ്രൂപ്പുകൾ വരെ സംസ്ഥാനത്തുണ്ട്; അവർക്കെല്ലാം പിടി വീഴുമെന്ന് അഡ്വ. എ ജയശങ്കർ

കൊച്ചി: 305 കോടിഹവാല ഇടപാടിൽ ജോയ് ആലുക്കാസ് കുടുങ്ങിയതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. എ ജയശങ്കർ. കൂടുതൽ ജ്വല്ലറികൾക്ക് മീതെ ഇഡിയുടെ പൂട്ടുവീഴുമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറിഗ്രൂപ്പുകൾ വരെ സംസ്ഥാനത്തുണ്ടെന്നും അവർക്കെല്ലാം പിടി വീഴുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജോയ് ആലുക്കാസിലെ ഹവാല ഇടപാട് നമ്മുടെ പ്രധാനപ്പെട്ട ജ്വല്ലറി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ ഭാഗമാണ്. വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് ധാരാളമായി പിടിക്കപ്പെടുന്നുണ്ട്. ഈ സ്വർണ്ണമെല്ലാം കൊണ്ടുവരുന്നത് കേരളത്തിലെ ജ്വല്ലറികൾക്ക് വേണ്ടിത്തന്നെയാണ്. ജോയ് ആലുക്കാസ് മാത്രമല്ല, നിരവധി ജ്വല്ലറിഗ്രൂപ്പുകൾ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പലരും ഗൾഫിൽ നിന്നും സ്വർണ്ണം വാങ്ങാൻ ഇവിടെ നിന്നും പണം കൊണ്ടുപോകുന്നുണ്ട്. ഇത് ഒരു വലിയ റാക്കറ്റാണ്. സ്വർണ്ണകടത്ത് മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ചില ജ്വല്ലറി ഗ്രൂപ്പുകൾ അധോലോകപ്രവർത്തനം നടത്തുന്നുണ്ട്. തീവ്രവാദത്തിന് വരെ ധനസഹായം ചെയ്യുന്ന ചില ജ്വല്ലറി ഗ്രൂപ്പുകളുണ്ട്. അവരുടെ പേര് ഞാൻ ഇപ്പോൾ പറയുന്നില്ല. അവർ ആരാണെന്ന് കേൾക്കുന്നവർക്ക് അൽപമൊന്നാലോചിച്ചാൽ മനസ്സിലാവും. സർക്കാരിന് കൊടുക്കുന്ന നികുതി വെട്ടിക്കുക, അവിഹിതമായി പണം സമ്പാദിക്കുക എന്നിവയെല്ലാമാണ് ഈ ജ്വല്ലറി ഗ്രൂപ്പുകളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.