രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് എല്ലാം ഹെൽത്ത് കാർഡ് നൽകാം; ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് എടുക്കുന്ന രീതിയെ കുറിച്ച് അറിയാം

തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടിരുന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകൾ, ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ജീവനക്കാർക്ക് പകർച്ചവ്യാധികൾ, മുറിവ്, മറ്റ് രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കൽ പരിശോധന നടത്തുന്നത്.

എന്നാൽ ഹെൽത്ത് കാർഡ് എങ്ങനെ എടുക്കണം, എന്താണ് ഇതിന്റെ മാനദണ്ഡം, ഏത് ഡോക്ടർക്കാണ് ഹെൽത്ത് കാർഡ് നൽകാൻ കഴിയുക എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇത് സംബന്ധിച്ച വിശദമായ മറുപടി ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് വിവരാവകാശ പ്രവർത്തകൻ ബി മനോജ്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് റെഗുലേഷൻസ് 2018 പ്രകാരം രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർക്ക് ഹെൽത്ത് കാർഡ് ലഭ്യമാക്കാം. കാർഡിന് ചെല്ലുന്നവരെ ഡോക്ടർ പരിശോധിച്ച ശേഷം ഏതൊക്കെ ടെസ്റ്റ് വേണമെന്ന് തീരുമാനിക്കും. ഹെൽത്ത് കാർഡ് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി പ്രത്യേക ഫീസ് നിശ്ചയിച്ചിട്ടില്ല. പൊതുവായി മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ അസിസ്റ്റന്റ് സർജന് 100യും സിവിൽ സർജന് 150 രൂപയും നിരക്കിൽ ഫീസിടാക്കാം എന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലൈസൻസ് ഉള്ള സർക്കാർ ലാബിലോ സ്വകാര്യ ലാബിലോ ഹെൽത്ത് കാർഡിനുള്ള പരിശോധനകൾ നടത്താം. ഒരു വർഷമാണ് കാർഡിന്റെ കാലാവധി. കാർഡ് ലഭിച്ചതിനുശേഷം ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായ അസുഖം ഹോട്ടൽ ജീവനക്കാർക്ക് പിടിപെട്ടാൽ അയാളെ ജോലിയിൽനിന്ന് മാറ്റി നിർത്തി പരിശോധന നടത്തുകയും ആ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. പിന്നീട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ വേണം പാലിക്കേണ്ടത്.