ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ജർമനിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും ജർമനിയും തമ്മിൽ പുതിയ കരാറുകളിൽ ഒപ്പ് വെച്ചെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസ് ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്.
ഇന്ത്യയെ സംബന്ധിച്ച് വ്യാപാര ബന്ധത്തിൽ ഏറ്റവും അടുത്ത പങ്കാളിയാണ് ജർമ്മനിയെന്നും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കരാറുകളിലാണ് ഒപ്പു വെച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകരാഷ്ട്രങ്ങൾക്കിടയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പല വിഷയങ്ങളിലും ഒരേ ആശയമാണെന്ന് ഒലാഫ് ഷോൾസ് പ്രതികരിച്ചു.
നൈപുണ്യവും കഴിവുമുള്ള കൂടുതൽ ആളുകളെ ജർമനിക്ക് ആവശ്യമുണ്ടെന്നും ഇന്ത്യയിൽ നിന്നും ജർമ്മനി കൂടുതൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ഒലാഫ് ഷോൾസ് അറിയിച്ചു.

