തിരുവനന്തപുരം: കെഎസ്ആർടിസിയിലുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ 1622 ബസുകൾ പൊളിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യർഥന പ്രകാരമാണ് നടപടി. അടുത്തയാഴ്ചയാണ് യോഗം ചേരുന്നത്.
പൊളിക്കേണ്ടിവരുന്ന 1622 ബസുകളിൽ 1000 ബസും ഇപ്പോൾ സർവീസ് നടത്തുന്നവയാണ്. ഇത്രയും ബസുകൾ മാറ്റുമ്പോൾ വലിയ യാത്രാ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 650 കോടി രൂപയാണ് പുതിയ ബസ് വാങ്ങുന്നത്. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ഏപ്രിൽ 1 കഴിഞ്ഞാൽ കേന്ദ്ര മന്ത്രാലയത്തിന്റെ വാഹൻ സോഫ്റ്റ് വെയറിൽ നിന്നും മാറ്റും. പിന്നെ ഈ വാഹനങ്ങൾക്കു നിരത്തിലിറങ്ങാൻ അനുമതിയുണ്ടാകില്ല.
അതേസമയം, കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയിൽപ്പെടുത്തി ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുക്കണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ, വാടകയ്‌ക്കെടുക്കുമ്പോൾ കിലോമീറ്ററിനു 40 രൂപയിൽ അധികമാകുമെന്നും ഇതു ഭാവിയിൽ വലിയ നഷ്ടത്തിൽ കലാശിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതിലും നടപടികൾ മുന്നോട്ടുപോയില്ല. കേരളത്തിലെ പൊതു റോഡ് ഗതാഗത സംവിധാനത്തിൽ 23% മാത്രമേ കെഎസ്ആർടിസി ബസുകൾക്കു പങ്കാളിത്തമുള്ളൂ. ബാക്കി സ്വകാര്യ മേഖലയാണ്.