ആര്‍ത്തവ അവധി സര്‍ക്കാര്‍ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യം; ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം, സര്‍ക്കാരിന്റെ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, സര്‍ക്കാര്‍ നയത്തില്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും ആര്‍ത്തവ അവധി ആവശ്യം ഉന്നയിച്ചുകൊണ്ട് ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നല്‍കാനാവുന്നതെന്നും കോടതി അറിയിച്ചു.

മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.