കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം; വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കാനുള്ള നീക്കത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച്ചക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് സതീഷ് നൈനാന്‍ നിര്‍ദ്ദേശിച്ചത്.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികള്‍ക്ക് ആദ്യ ഗഡു ശമ്പളം എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പും, ബാക്കി തുക സര്‍ക്കാര്‍ സഹായം ലഭിച്ചതിന് ശേഷവും നല്‍കുമെന്നാണ് സിഎംഡിയുടെ സര്‍ക്കുലര്‍. മുഴുവന്‍ ശമ്പളവും ഒന്നിച്ചു വേണമെന്നുള്ളവര്‍ സര്‍ക്കാര്‍ സഹായം കിട്ടിയതിന് ശേഷം ശമ്പളം മതിയെന്ന് സമ്മതപത്രം നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.