കേരളത്തിൽ സന്ദർശനം നടത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്; മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

തിരുവനന്തപുരം: കേരളത്തിൽ സന്ദർശനം നടത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തെ റെയിൽവേ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്താൻ വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

മാർച്ച് മൂന്നിന് അദ്ദേഹം സംസ്ഥാനത്തെത്തും. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ശബരി റെയിൽപ്പാത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം. ശബരി റെയിൽ പദ്ധതിക്ക് 100 കോടി രൂപയാണ് കേന്ദ്രബജറ്റിൽ നീക്കിവെച്ചത്. ബജറ്റിൽ പ്രഖ്യാപിച്ച 100 കോടി ലഭിക്കണമെങ്കിൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കുകയും ശബരി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അംഗീകാരം നൽകുകയും വേണം.

ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രി വിലയിരുത്തും. കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ടുവെയ്ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.