സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷലിസ്റ്റ് ടീച്ചര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷലിസ്റ്റ് ടീച്ചര്‍മാരായി ജോലി ചെയ്തു വരുന്നവര്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

തീരുമാനങ്ങള്‍ ഇങ്ങനെ

സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ക്ക് നിലവില്‍ വേതനമായി 10,000/- രൂപയും ആ തുകയുടെ 12% ഇ.പി.എഫ്-ഉം നല്‍കി വരികയായിരുന്നു.

പ്രസ്തുത 10,000/- രൂപ 13,400/- രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400/- രൂപയുടെ 12% വരുന്ന 1608/- രൂപ ഇ.പി.എഫ്. (എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍) ആയി നല്‍കുന്നതിനും തീരുമാനിച്ചു.

ഇപ്പോള്‍ ഉണ്ടായ ശമ്പള വര്‍ദ്ധനവ് 2022 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

ഇപ്പോള്‍ ഉണ്ടായ പ്രതിമാസ വര്‍ദ്ധനവ് 3400/- രൂപ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നല്‍കുന്നതാണ്.

സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ക്ക് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതായിരിക്കും.

ആഴ്ചയില്‍ 3 ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ പരമാവധി 2 സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കേണ്ടതാണ്.

മാസത്തില്‍ 1 ശനിയാഴ്ച ബന്ധപ്പെട്ട ബി.ആര്‍.സി.കളില്‍ പ്ലാന്‍ മീറ്റിംഗില്‍ പങ്കെടുക്കേണ്ടതാണ്.

സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ മറ്റു വിഷയങ്ങളെ കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതാണ്