പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു; നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്തിൽ ന്യായീകരണവുമായി ഇ പി ജയരാജൻ

കണ്ണൂർ: ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ ന്യായീകരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചുവെന്നും നന്ദകുമാറിന്റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ മനപൂർവ്വം വിവാദമാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമാക്കിയത് തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്റെ ഭാഗമായാണ്. ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാനാണ് കൊച്ചിയിൽ പോയത്. ആശുപത്രിയിൽ നിന്ന് മടങ്ങും വഴി, കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചുവെന്നും തുടർന്നാണ് അതിൽ പങ്കെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇ പി ജയരാജജനുമായി വർഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാർ പറഞ്ഞു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ. അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പിക്ക് വരാൻ കഴിഞ്ഞില്ലെന്നും അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നതെന്നും അദ്ദേഹം അറിയിച്ചു. എം വി ഗോവിന്ദന്റെ യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഇ പി വന്നതെന്നും നന്ദകുമാർ പ്രതികരിച്ചു.