കാലാവസ്ഥാ വ്യതിയാനം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പുതിയ പഠനം

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ലോകത്ത് 100 കോടിയോളം ആളുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ എട്ടിൽ ഒരാൾക്ക് എന്ന തോതിലാകും കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ ബാധിക്കുന്നത്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത് അമേരിക്ക, ചൈന, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള സംസ്ഥാനങ്ങളാണെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 14 സംസ്ഥാനങ്ങളിൽ അതിരൂക്ഷമായ വെള്ളപ്പൊക്കമായിരിക്കും അനുഭവപ്പെടുകയെന്നും റിപ്പോർട്ടുകളുണ്ട്.

2050 ആകുമ്പോഴേക്കും 2,600 ൽ അധികം പ്രദേശങ്ങളിലെ മനുഷ്യ നിർമ്മിത പരിസ്ഥിതിയുടെ നാശത്തെ കുറിച്ച് പഠനം മുന്നറിയിപ്പ് നൽകുന്നു. നിർമ്മാണം കൂടുന്നതിന് അനുസരിച്ച് നാശത്തിന്റെ അളവും വർദ്ധിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ക്രോസ് ഡിപൻഡൻസി ഇനിഷ്യേറ്റീവ് (XDI) എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങളുള്ളത്. നാശനഷ്ട സാധ്യതയുള്ള ലോകത്തിലെ ആദ്യ 100 സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള 14 സംസ്ഥാനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ബീഹാർ, ഉത്തർപ്രദേശ്, അസം, രാജസ്ഥാൻ, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.

ലോകത്തെ എട്ട് വ്യത്യസ്ത കാലാവസ്ഥാ അപകടത്തെ കുറിച്ചാണ് പഠനം ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതിൽ ഒന്നാണ് വെള്ളപ്പൊക്കം. ആഗോളതലത്തിൽ ലോകത്തിലെ നഗരങ്ങളിൽ മിക്കതും രൂപപ്പെട്ടിരിക്കുന്നത് നദീ തീരങ്ങളിലാണ്. ആഗോളതലത്തിൽ നിർമ്മിത പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണി നേരിടേണ്ടിവരുന്നതും നദീതീരത്തായിരിക്കും. ഉപരിതലവെള്ളപ്പൊക്കമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രതിസന്ധി. അതോടൊപ്പം ചൂട്, കാട്ടുതീ, മണ്ണിന്റെ ചലനം, കൊടുങ്കാറ്റ്, അതിശൈത്യം എന്നിവയും പാരിസ്ഥിതിക ദുരന്തങ്ങളാണ്.