പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: രണ്ട് തപാല്‍ വോട്ടുപെട്ടികളില്‍ റിട്ടേണിംഗ് ഓഫീസറുടെ ഉള്‍പ്പെടെ ഒപ്പില്ലെന്ന് ഹൈക്കോടതി

മലപ്പുറം: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ തപാല്‍ സാമഗ്രികള്‍ പരിശോധിച്ചതില്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടുപെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ ഉള്‍പ്പെടെ ഒപ്പില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണെന്ന്് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തുറന്ന പെട്ടികള്‍ ഹൈക്കോടതി വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റുകയും വോട്ടുപെട്ടികള്‍ കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നും കോടതി പറഞ്ഞു. ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നതിന്റെ ഭാഗമായി തപാല്‍ വോട്ട് ഉള്ള പെട്ടികള്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി സ്‌ട്രോങ്ങ് റൂം തുറന്നപ്പോഴാണ് തപാല്‍ വോട്ട് പെട്ടികളില്‍ ഒന്ന് കാണാനില്ലെന്നു വ്യക്തമായത്. പിന്നീട് പെട്ടി സഹകരണ ജോയിന്‍ രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തിയിരുന്നു.