കൊച്ചി: സിനിമ- സീരിയല്‍ നടിയും അവതാരകയുമായ സുബി സുരേഷിന്റെ (42) അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം.
മിമിക്രി സ്‌കിറ്റുകളിലൂടെയാണ് സുബി കലാരംഗത്തേക്ക് കടന്നു വരുന്നത്. അവതാരക എന്ന നിലയിലാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായത്. സിനിമാലയിലൂടെയും കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയും സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടി.
ജീവിതത്തില്‍ ഒരു ബ്രേക്കപ്പ് നേരിട്ട സുബി സുരേഷ് തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താല്‍പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്’- സുബി പറഞ്ഞിരുന്നു. ‘എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ എന്റെ ഒപ്പം കൂടിയിട്ടുണ്ട് ഇപ്പോള്‍. പുള്ളിക്കാരന്‍ ഫെബ്രുവരിയില്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ട്’-സുബി വെളിപ്പെടുത്തിയിരുന്നു.

