2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് ഖാർഗെ

ന്യൂഡൽഹി: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക പരാമർശവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മറ്റ് പാർട്ടികളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി കർണാടക, മണിപ്പൂർ, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണ്. നാഗാലാൻഡിലെ ചുമുകെദിമയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. കേന്ദ്ര സർക്കാർ ഭരണഘടനയെ പിന്തുടരുന്നില്ലെന്നും ജനാധിപത്യ തത്വങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഖാർഗെ വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഓർക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ, ഒരു ഏകാധിപതിയെ പോലെ ഭരിക്കാൻ കഴിയില്ല. 2024ൽ ജനങ്ങൾ കേന്ദ്ര സർക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.