ഇഞ്ചിപ്പുല്ലിന്റെ ആരോഗ്യഗുണങ്ങൾ…

സൂപ്പുകൾ, കറികൾ, ചായ എന്നിവയ്ക്ക് ഒരു പ്രത്യേക രുചി നൽകാൻ ഉപയോഗിക്കുന്ന ഒന്നാണ് ലെമൺ ഗ്രാസ് അഥവാ ഇഞ്ചിപ്പുല്ല്. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. ആരോമാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ഔഷധ സസ്യമാണ് ഇഞ്ചിപ്പുല്ല്. പുളിപ്പ് (സിട്രസ്) രുചിയുള്ള ഇത് സിട്രോനെല്ലാ എന്നാണ് അറിയപ്പെടുന്നത്.

ദഹനസംബന്ധമായ ആരോഗ്യത്തിന് ലെമൺ ഗ്രാസ് ഉത്തമമാണ്. വയറുവേദന, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളെ ഇത് ശമിപ്പിക്കും. ദഹനനാളത്തിലെ ബാക്ടീരിയ, ഫംഗസ് അണുബാധകൾ തുടങ്ങിയവ തടയാനും ഇത് സഹായിക്കും.

പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക് ആണിത്. ലെമൺ ഗ്രാസിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. സന്ധിവാത രോഗലക്ഷണങ്ങൾ ലഘൂകരിക്കാനും ഇഞ്ചിപ്പുല്ല് സഹായിക്കും. ചർമ്മത്തിലെ അണുബാധകൾക്കും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും മികച്ച പ്രതിവിധി കൂടിയാണിത്.

ടെൻഷൻ, സ്‌ട്രെസ് എന്നിവ കുറയ്ക്കാൻ ഇഞ്ചിപ്പുല്ല് ചായ സഹായിക്കും. ഇഞ്ചിപ്പുല്ലിന്റെ ഓയിൽ റൂം ഫ്രഷ്നർ ആയി തന്നെ ഉപയോഗിച്ചാൽ നിങ്ങളുടെ മൂഡ് മാറുമെന്ന് പറയപ്പെടുന്നു. രക്ത സമ്മർദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും ഇഞ്ചിപ്പുല്ലിന്റെ ചായ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.