വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഇടത് ദുർഭരണത്തിൽ ജനജീവിതം ദുസ്സഹമായി മാറി; മുസ്ലിംലീഗ്

തിരുവനന്തപുരം: വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഇടത് ദുർഭരണത്തിൽ ജനജീവിതം ദുസ്സഹമായി മാറിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം. സാധാരണക്കാരെ തീരെ ഗൗനിക്കാതെയാണ് ഇന്ധന സെസ് വർദ്ധനവ് ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങൾ സർക്കാർ സ്വീകരിച്ചതെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങൾക്കും നിർമ്മാണ സാമഗ്രികൾക്കും വില കുതിച്ചുയരുകയാണ്. സാധാരണക്കാർ ജീവിക്കാൻ വഴിയില്ലാതെ നെട്ടോട്ടമോടുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് അവരെ മണിക്കൂറുകളോളം വഴിയിൽ തടഞ്ഞുനിർത്തുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും മരണ വീടുകളിൽ പോലും പ്രതിഷേധം ഭയന്ന് കറുത്ത വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ്. കേരള ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഈ രീതിയിൽ ജനങ്ങളെ ഭയന്ന് ഒളിച്ചോടിയിട്ടില്ലെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് വേണ്ടി തെയ്യാറാക്കപ്പെട്ട വോട്ടർ പട്ടികയിൽ കണ്ടെത്തിയ വ്യാപക ക്രമക്കേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി. വിജയിച്ച എം.എസ്.എഫ് യു.യു.സിമാരെ പൂർണമായും ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് നടക്കാത്ത ക്യാമ്പസുകളിൽ എസ്.എഫ്.ഐയുടെ പേരിലുള്ള യു.യു.സിമാരെ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഈ അനീതിക്കെതിരെ എം.എസ്.എഫ് നടത്തുന്ന സമരത്തിനും ഇടത് ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നിരന്തര സമരങ്ങൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിൻ സംബന്ധിച്ച് യോഗം വിലയിരുത്തി. വാർഡ് മുതൽ സംസ്ഥാന തലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. അടുത്തിടെ മരണപ്പെട്ട ടി.ഇ അബ്ദുല്ല, പണാറത്ത് കുഞ്ഞുമുഹമ്മദ്, വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർക്കു വേണ്ടിയും അരിയിൽ ഷുക്കൂറിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി. മാർച്ച് നാലിന് സംസ്ഥാന കൗൺസിൽ യോഗവും മാർച്ച് അഞ്ചിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. കേരള സർക്കാരിന്റെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി നേടിയ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയെ ഉപഹാരം നൽകി ആദരിച്ചു.