ന്യൂഡൽഹി: തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ സഹായ-ദുരന്തനിവാരണ സംഘങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സ്വയംപര്യാപ്തതയിൽ മാത്രമല്ല, നിസ്വാർത്ഥ രാജ്യമെന്ന നിലയിലും ലോകത്തിന് മുന്നിൽ ശക്തി വെളിപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങൾ മനുഷ്യരാശിക്ക് നിസ്വാർഥ സേവനം ചെയ്യുകയും രാജ്യത്തിന്റെ അഭിമാനമാകുകയും ചെയ്തെന്ന് തുർക്കിയിൽ നിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നു. പ്രതിസന്ധിയിലായ ഏതൊരു അംഗത്തെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം വിശദമാക്കി.
ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സംസാരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഡോഗ് സ്ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി തുർക്കിയിലേക്കും സിറിയയിലേക്കും പോയത്. രക്ഷാ സംഘങ്ങൾ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് രാജ്യത്തേക്ക് മടങ്ങിയത്.

