ആർ.എസ്.എസ്സുമായി ചർച്ച എന്ന പേരിൽ സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളർത്തുകയാണ്; ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ച വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് ആർഎസ്എസിനോട് നേരിട്ട് കാര്യങ്ങൾ പറയലും ഒരു സമരമുഖമാണെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. ആർ.എസ്.എസ്സുമായി ചർച്ച എന്ന പേരിൽ സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളർത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിൽ ചർച്ച നടന്നിട്ടില്ല. ആർഎസ്എസ് ചർച്ച നടത്തിയത് മുസ്ലീം സംഘടനാ നേതൃത്വവുമായാണ്. ആർഎസ്എസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവനകൾ, വിദ്വേഷ പ്രസംഗങ്ങൾ, അസമിൽ ഉൾപ്പടെ നടക്കുന്ന കുടിയൊഴിപ്പിക്കൽ, ആൾക്കൂട്ട ആക്രമണം തുടങ്ങിയ കാര്യങ്ങളിലാണ് ചർച്ച നടന്നത്. ചർച്ചയാവാമോ എന്നാണ് പലരുടേയും ചോദ്യം, സ്വാർത്ഥ താൽപര്യം ഇല്ലെങ്കിൽ ചർച്ച ആവാം എന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ പക്ഷം. കാരണം സംഘ പരിവാറിന്റെ ഇരകളായി കൊണ്ടിരിക്കുന്നവരാണ് മുസ്ലിം സമുദായം. ന്യൂനപക്ഷത്തെ മുൻ നിർത്തിയാണ് ചർച്ച നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി മുസ്ലിംന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പലരീതിയിൽ ഉയർത്തിക്കാട്ടാറുണ്ട്. അതിൽ മതേതര പാർട്ടികളെ ഒപ്പം ചേർക്കാറുണ്ട്. കൂട്ടായ്മയ്ക്കായി യത്നിക്കാറുണ്ട്. അതോടൊപ്പം തന്നെ സംഘപരിവാറിനോട് നേരിട്ട് വിഷയം ഉന്നയിക്കുക എന്നത് സമരത്തിന്റെ ഭാഗമായിട്ടാണ് ജമാഅത്തെ ഇസ്ലാമി കാണുന്നത്. സമരത്തിന് ഒറ്റമുഖം മാത്രമല്ല ഉള്ളത്. മാറാട് സംഘർഷവുമായി ബന്ധപ്പെട്ട് സമുദായങ്ങളുമായി ചർച്ചയ്ക്ക് മുൻകൈ എടുത്തത് ജമാഅത്തെ ഇസ്ലാമിയാണ്. അത് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി പ്രത്യേകമായി പറഞ്ഞിട്ടുണ്ടെന്നും ജമാത്തെ ഇസ്ലാമിയുടെ ചരിത്രത്തിൽ ഇത്തരം സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിനെതിരെ ജമാഅത്തെ ഇസ്ലാമി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. സിപിഎം ഇസ്ലാമോ ഫോബിയ പ്രചരിപ്പിക്കുകയാണ്. ഇത് വില കുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. അട്ടിപ്പേറവകാശം എന്ന വാക്ക് മുഖ്യമന്ത്രിയോ ഇടതു പക്ഷമോ ഉന്നയിക്കാൻ പാടില്ലാത്തത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അന്ന് നടത്തിയ ചർച്ച കൊണ്ട് പുള്ളി മാഞ്ഞോയെന്ന് വ്യക്തമാക്കണം. കോടികളുടെ ഭൂമി അന്ന് വിട്ടുനൽകുകയുണ്ടായി. ജമാഅത്തെ ചർച്ചയിൽ അത്തരം നഷ്ടങ്ങൾ ഒന്നും കേരളത്തിന് ഉണ്ടായിട്ടില്ല. കേരളത്തിൽ പലരും ആർഎസ്എസുമായി ചർച്ച നടത്താറുണ്ട്. എൻഎസ്എസ്, എസ്എൻഡിപി, വിവിധ ക്രിസ്ത്യൻ സംഘടനകൾ ഇവരെല്ലാം ചർച്ച നടത്താറുണ്ട്. പക്ഷെ അത് ആരും ചോദ്യം ചെയ്യാറില്ല. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റും ഇടാറില്ല. മുഖ്യമന്ത്രി ചരിത്രം മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ശ്രീഎമ്മുമായി ചർച്ച നടത്തിയത് വളരെ വൈകിയാണ് പുറംലോകം അറിഞ്ഞത്. ചർച്ചയെ മുഖ്യമന്ത്രി വിമർശിക്കുകയും അട്ടിപ്പേറ് അവകാശം എന്ന് പറയുകയും കാപട്യം എന്ന് പറയുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി അന്ന് നടത്തിയത് കാപട്യം ആയിരുന്നോവെന്നും അദ്ദേഹം ചോദിക്കുന്നു.