കാര്യമറിയാതെയാണ് എ കെ ബാലന്റെ വിമർശനം; സംശയം ദൂരീകരിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്റെ വിമർശനത്തിൽ മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. കാര്യമറിയാതെയാണ് എ കെ ബാലന്റെ വിമർശനമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. താനിരിക്കുന്ന കസേരയ്ക്ക് എതിരെയാണ് വിമർശനങ്ങൾ ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എ കെ ബാലന്റെ സംശയം ദൂരീകരിക്കണം. യൂണിയനുകൾക്ക് അവരുടേതായ നിലപാടുകൾ സ്വീകരിക്കാം. യൂണിയനുകളുമായി മാനേജ്മെന്റ് ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ് ശമ്പള വിതരണ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ നയത്തിന് അനുസരിച്ചല്ല മന്ത്രി ആന്റണി രാജു പ്രവർത്തിക്കുന്നത് എന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്. കെഎസ്ആർടിസിയിലെ തീരുമാനം ഏകപക്ഷീയമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

കെഎസ്ആർടിസിയിൽ ഏറെ കാലമായി നിലനിൽക്കുന്ന പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഇപ്പോൾ മാനേജ്‌മെന്റ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ 2022 സെപ്തംബർ 5-ാം തീയതി ചർച്ച ചെയ്ത് തീരുമാനിച്ച കാര്യത്തിൽ എവിടേയും മാസ ശമ്പളം ഘഡുക്കളായി കൊടുക്കാമെന്ന് ബന്ധപ്പെട്ട മന്ത്രിയോ, മാനേജ്‌മെന്റോ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്‌നത്തിൽ ഏകപക്ഷീയമായ തീരുമാനം എടുത്തതിന് ശേഷം യൂണിയനുകളുമായി വേണമെങ്കിൽ ചർച്ച ചെയ്യാം എന്ന ട്രാൻസ്‌പോർട് മന്ത്രിയുടെ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. സ്ഥാപനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും പൂർണ്ണമായും ബോധ്യമുള്ളവരാണ് തൊഴിലാളികൾ. ഈ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റൊരു സ്ഥാപനത്തിനും ലഭിക്കാത്ത സാമ്പത്തിക സഹായം സർക്കാർ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന്റെ എല്ലാ തീരുമാനങ്ങളോടും പൊതുവിൽ തൊഴിലാളികൾ യോജിപ്പ് പ്രകടിപ്പിക്കുന്നു. നിഷേധ നിലപാട് മാനേജ്‌മെന്റ് സ്വീകരിക്കുന്നതിന് മറ്റെന്തോ അജണ്ടയാണുള്ളതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.