കോഴിക്കോട്: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ഉയർത്തുന്ന ദേശീയത ഫാസിസത്തിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ദേശീയതയും ഹിന്ദുത്വ ദേശീയതയും രണ്ടും രണ്ടാണ്. ബിബിസി വെളിപ്പെടുത്തൽ ഇന്ത്യക്കെതിരായ നീക്കമെന്ന് വ്യാഖ്യാനിക്കുന്നു. അദാനിക്കെതിരായ വാർത്തകളും ദേശീയതക്കെതിരെ എന്ന് പറയുന്നു. എന്നാൽ, ഇന്ത്യൻ ദേശീയത ഭരണഘടന നിഷ്‌കർഷിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ഇതിനായി മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നു. കേന്ദ്ര സർക്കാർ എല്ലാ പൊതുസ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുന്നു. കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം വേർതിരിവോടെയാണ് കാണുന്നത്. ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. കോൺഗ്രസും നിലപാട് സ്വീകരിക്കുന്നത് ബിജെപിക്ക് അനുകൂലമായാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
ഭരണഘടന തകർത്ത് ഇന്ത്യൻ ദേശീയത ഹിന്ദുത്വ ദേശീയതയാക്കാനുള്ള ശ്രമവും നടക്കുന്നു. വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്ത്. അത് തകർക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. എല്ലാ ബിജെപി സംസ്ഥാനങ്ങളും മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണ്. രണ്ടാം നിര പൗരന്മാരായാണ് ന്യൂനപക്ഷത്തെ അവർ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.

