ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ജനാധിപത്യത്തെ കേന്ദ്ര സർക്കാർ ഇല്ലാതാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ശ്രീനഗറിൽ വെച്ചാണ് യോഗം ചേർന്നത്.
ജമ്മുവിലെയും കശ്മീരിലെയും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേന്ദ്രസർക്കാർ ജമ്മുകശ്മീരിലെ ജനങ്ങളെ എല്ലാ കാര്യങ്ങളിലും പരാജയപ്പെടുത്തുകയാണ്. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത് ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായാണ്. ബിജെപി ശ്രമിക്കുന്നത് തങ്ങളുടെ തെറ്റായ നയങ്ങളും പരാജയവും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം ജമ്മുവിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയാണ്. തൊഴിലില്ലായ്മ, വികസന പ്രശ്നങ്ങൾ, വിലക്കയറ്റം എന്നിവയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ബിജെപിയുടെ ബോധപൂർവായ നീക്കമാണിത്. കോൺഗ്രസിന്റെ ജനപക്ഷ നയങ്ങൾ മൂലം യുവാക്കൾ കോൺഗ്രസിലേക്കെത്തുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

