മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആത്മഹത്യ സ്‌ക്വാഡിനെയാണ് ഇറക്കിയിരിക്കുന്നത്; ഒളിച്ചോടുകയാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് ആത്മഹത്യ സ്‌ക്വാഡിനെയാണ് ഇറക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പേടിച്ചിട്ടല്ല, യാത്രാ സൗകര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എം.വി ഗോവിന്ദന്റെ വാക്കുകള്‍

‘ഞങ്ങള്‍ക്ക് ഹെലികോപ്ടറില്‍ യാത്ര ചെയ്യേണ്ടി വരുമ്ബള്‍ അതില്‍ യാത്ര ചെയ്യും, പ്ലെയിനില്‍ യാത്ര ചെയ്യേണ്ടി വരുമ്‌ബോള്‍ അതില്‍ പ്ലെയിനില്‍ യാത്ര ചെയ്യും, കാറില്‍ യാത്ര ചെയ്യേണ്ടി വരുമ്‌ബോള്‍ കാറില്‍ യാത്ര ചെയ്യു,. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി ഇങ്ങനെ ഒളിച്ചോടുകയാണെന്ന യാതൊരു തെറ്റിദ്ധാരണയും വേണ്ട. കേന്ദ്ര സര്‍ക്കാരിനെതിരെ കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന ജനകീയ പ്രതിരോധയാത്രയ്ക്ക് മുന്നോടിയായാണ് എം വി ഗോവിന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ആകാശ് തില്ലങ്കേരി സിപിഎമ്മിന് അടഞ്ഞ അധ്യായമാണ്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ഇനിയും ഉയര്‍ന്നാല്‍ എതിര്‍ക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ഇഡിക്ക് മുന്നില്‍ ശിവശങ്കര്‍ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം സിപിഎമ്മിനില്ല. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിടുകയാണ്. കൈക്കൂലിയുടെ വിഹിതം ഞങ്ങളാരും പറ്റിയിട്ടില്ല. അത്‌കൊണ്ട് ഭയക്കുന്നില്ല. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നാലും ഭയമില്ല. പ്രതിപക്ഷ സമരത്തിന്റെ പേരില്‍ ഒരു രൂപ പോലും ഇന്ധന സെസ് കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവില്‍ നിന്ന് പണം നല്‍കി സംരക്ഷിക്കാനാവില്ല. ഒന്നുകില്‍ ഈ ഗവണ്‍മെന്റ് നിലനില്‍ക്കണോ അല്ലെങ്കില്‍ ഈ ഗവണ്‍മെന്റിന്റെ അന്ത്യം വേണോ?, സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്ബത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്. ഇന്ധന സെസ് കുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ല. ഇന്ധന സെസ് എന്ത്‌കൊണ്ട് കുറയ്ക്കാതിരിക്കുന്നുവെന്നതില്‍ സര്‍ക്കാരിന് കൃത്യമായ കാരണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നല്‍കാനുണ്ട്. ആ തുക നല്‍കാതെ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ ഞെക്കി കൊല്ലാനുള്ള ശ്രമം നടത്തുകയാണ്. ബിജെപി, യു.ഡി.എഫ് സമരം അപഹാസ്യമാണ്. അതിന് വഴങ്ങില്ല.’