തിരുവനന്തപുരം: ചിന്ത ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോൺഗ്രസാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിലാണ് പരാതി നൽകിയത്. ചിന്ത ജെറോം അനുവദനീയമായതിലും അധികം കാലം പദവിയിൽ തുടരുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
2016 ഒക്ടോബർ നാലിനാണ് ചിന്താ ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നിയമിച്ചത്. 3 വർഷമാണ് നിയമന കാലാവധി. യുവജന കമ്മീഷൻ ആക്റ്റ് അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു ആറു വർഷങ്ങൾ കഴിഞ്ഞു. എന്നാൽ പദവി വിട്ടൊഴിയാൻ ചിന്ത ജെറോം തയ്യാറാകുന്നില്ല. പ്രവർത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാൻ മാത്രം ചിന്ത പദവിയിൽ തുടരുകയാണെന്നും കോൺഗ്രസ് നൽകിയ പരാതിയിലുണ്ട്.
2014ൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ആക്റ്റ് പ്രകാരമാണ് യുവജന കമ്മീഷൻ സ്ഥാപിച്ചത്. യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാൻ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കമ്മീഷൻ സ്ഥാപിക്കുന്നത്.

