കോഴിക്കോട്: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്ന് കെ മുരളീധരൻ എംപി. മത്സരം ദോഷമുണ്ടാക്കില്ലെന്നും പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെയും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണ്. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്ന് കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
ഷുഹൈബ് വധക്കേസ് ഒതുക്കാൻ അനുവദിക്കില്ല. ആകാശ് തില്ലങ്കേരി പി ജയരാജന്റെ സൈബർ പോരാളിയാണ്. പിന്നെ എങ്ങനെ പാർട്ടിയുമായി ബന്ധമില്ലെന്ന് പറയും. നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ കറുത്ത കൈകളുണ്ട്. അത് പുറത്ത് കൊണ്ടുവരണം. തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന് പങ്കില്ലെങ്കിൽ കേന്ദ്ര അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

