തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യും; തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ എം പി. ഇക്കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യും. അത് രാഹുൽ ഗാന്ധിയുടേയും തീരുമാനമായിരുന്നു. വീണ്ടും ഒരു തിരഞ്ഞെടുപ്പ് വേണോ എന്ന് ജയിച്ചവർ തീരുമാനിക്കട്ടെ. പാർട്ടിയെ നന്നാക്കാൻ വേണ്ടിയിട്ടായിരുന്നു അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തനിക്കൊരു പദവി വേണമെന്ന് വിചാരിച്ചിട്ടല്ല. വെറുമൊരു സ്ഥാനത്തിന് വേണ്ടി മത്സരിക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ തിരഞ്ഞെടുപ്പ് വേണമെന്നും പറഞ്ഞിട്ടില്ല. തീരുമാനമെടുക്കുന്നവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.