ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്; തോമസ് ഐസക്കിന്റെ വാദം പരിഹാസ്യമാണെന്നും സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മസാല ബോണ്ട്, ഇഡി അന്വേഷണത്തില്‍ ഇവിടെ ആരും കുനിഞ്ഞു തരില്ല എന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പരിഹാസ്യമാണെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ നിയമലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്ക്കെതിരെ കേസ് എടുത്തത്. റിസര്‍വ് ബാങ്ക് ഹൈക്കോടതിയില്‍ നല്‍കിയ അഫിഡവിറ്റില്‍ ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നായിരുന്നു തോമസ് ഐസക്ക് ഉന്നയിച്ച വാദം. അതായത് റിസര്‍വ്വ് ബാങ്ക് അഫിഡവിറ്റോടെ തോമസ് ഐസക്കിന്റെ വാദം പൊളിഞ്ഞു’- അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

കൂടാതെ, എസ്എന്‍സി ലാവ്‌ലിന്‍ ബന്ധമുള്ള കാനേഡിയന്‍ പെന്‍ഷന്‍ കമ്പനിയായ സിഡിപിക്യു എങ്ങനെ മസാല ബോണ്ടില്‍ നിക്ഷേപമിറക്കി? സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് പോലും ഇതിലും കുറഞ്ഞ പലിശക്ക് കടമെടുക്കാമെന്നിരിക്കെ 9.75% പലിശക്ക് മസാല ബോണ്ട് ഇറക്കിയതിന്റെ യുക്തി എന്ത്? തോമസ് ഐസക്ക് അവകാശപ്പെടുന്നത് പോലെ മസാല ബോണ്ട് നിയമവിധേയമായിരുന്നെങ്കില്‍ എന്ത് കൊണ്ട് തുടര്‍ന്നും മസാല ബോണ്ട് ഇറക്കിയില്ല ? അങ്ങനെ ചെയ്യുമെന്നനായൊരുന്നല്ലോ ആദ്യ അവകാശവാദം? മസാല ബോണ്ട് അടുത്ത മാസങ്ങളില്‍ തന്നെ മച്യുര്‍ ആകുമ്പോള്‍ പലിശയും ചേര്‍ത്ത് തിരികെ നല്‍കേണ്ട മൂവായിരത്തി അഞ്ഞൂറോളം കോടി എവിടെ നിന്നാണ് കൊടുക്കാന്‍ പോകുന്നത്? എന്നീ ചോദ്യങ്ങളും സന്ദീപ് വാര്യര്‍ ഉന്നയിക്കുന്നു.