ക്ഷേമപെന്‍ഷന് സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍. 8.5% നിരക്കില്‍ പണം കടമെടുക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഫണ്ട് മാനേജരായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനെ നിയോഗിച്ചു.

സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പെന്‍ഷന്‍ നല്‍കാനാകാത്ത സാഹചര്യത്തില്‍ ധനവകുപ്പ് 2000 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ച് ആ തുക നല്‍കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. ഫണ്ട് മാനേജരുടെയും സഹകരണ റജിസ്ട്രാറുടെയും പേരില്‍ കേരള ബാങ്കില്‍ ആരംഭിച്ച സംയുക്ത അക്കൗണ്ടിലേക്കാണ് സഹകരണ സംഘങ്ങള്‍ പണം നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തെ കാലയളവില്‍ പണം നിക്ഷേപിക്കുന്ന സംഘങ്ങള്‍ക്ക് എല്ലാ മാസവും നിശ്ചിത തീയതിയില്‍ തന്നെ 8.5% പലിശ നല്‍കും.

അതേസമയം, കേരള സാമൂഹിക സുരക്ഷാപെന്‍ഷന്‍ കമ്പനിക്കു വേണ്ടിയാണ് സര്‍ക്കാര്‍ ഗ്യാരന്റിയില്‍ 2000 കോടി രൂപ കടമെടുക്കുന്നത്. സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കു പുറമേ എംപ്ലോയീസ് സഹകരണ സംഘങ്ങളെയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, 2018 മുതല്‍ പല ഘട്ടങ്ങളിലായി സംഘങ്ങള്‍ സര്‍ക്കാരിന് 15,000 കോടി രൂപയോളം കടം നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം ആവശ്യ സമയത്ത് തിരികെ നല്‍കിയിട്ടുണ്ടെന്നും സഹകരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.