ഒരു ബോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന നെറ്റ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ഹിന്ദിക്ക് പുറമെ പഠാന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 502.45 കോടിയാണ് (നെറ്റ്). ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ ഒരു ബോളിവുഡ് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് ഇതാദ്യമായാണ്. വിജയം ആഘോഷിക്കാന്‍ ഇന്ന് തിയറ്ററുകളില്‍ പഠാന്‍ ദിനമായി കൊണ്ടാടാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇതുപ്രകാരം രാജ്യമൊട്ടാകെ ഇന്നത്തെ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് ഏകീകരിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളായ പിവിആര്‍, ഐനോക്‌സ്, സിനിപൊളിസ് എന്നിവയുടെ തിയേറ്ററുകളിലും പങ്കെടുക്കുന്ന മറ്റു തിയറ്ററുകളിലും ഇന്ന് ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്ക് 110 രൂപ ആയിരിക്കും. ട്വിറ്ററിലൂടെയാണ് യാഷ് രാജ് ഫിലിംസിന്റെ പ്രഖ്യാപനം.
അതേസമയം, വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

