നടി ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സർക്കാർ

ന്യൂഡൽഹി: നടി ആക്രമിച്ച കേസിൽ മഞ്ജു വാര്യരരെ വീണ്ടും വിസ്തരിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു വാര്യരെ വിസ്തരിക്കേണ്ടത് ആവശ്യമാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നത് വിചാരണ നീട്ടാനാണെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തെളിവുകൾ ഹാജരാക്കുന്നത് തടയാനാണ് ദിലീപിന്റെ ശ്രമമെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട ഏഴ് പേരെയാണ് വീണ്ടും വിസ്തരിക്കുന്നത്. ഇതിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയായി. നാലു പേരെ ഇനി വിസ്തരിക്കാൻ ഉണ്ട്. പ്രതിഭാഗം നീട്ടിക്കൊണ്ടു പോയില്ലെങ്കിൽ വിസ്താരം ഒരു മാസത്തിനകം തീർക്കാൻ കഴിയും. പ്രതിഭാഗമാണ് അനാവശ്യ ക്രോസ് വിസ്താരം നടത്തി വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും സർക്കാർ അറിയിച്ചു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചത്.