ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണം; കെ മുരളീധരൻ

കോഴിക്കോട്: ഷുഹൈബിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷുഹൈബ് വധക്കേസിൽ കോൺഗ്രസിന്റെ പരാതി അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. പാർട്ടി നിയമ നടപടി ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നയിടങ്ങളിൽ ഏർപ്പെടുത്തുന്ന അസാധാരണ സുരക്ഷയിലും കെ മുരളീധരൻ അതൃപ്തി അറിയിച്ചു. ‘മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട്, സൂക്ഷിക്കുക’ എന്ന ബോർഡ് വെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് അദ്ദേഹം വിമർശിച്ചു.

ആർഎസ്എസ്- ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്ച്ച സംബന്ധിച്ച റിപ്പോർട്ടുകളിലും അദ്ദേഹം പ്രതികരണം നടത്തി. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആർഎസ്എസ് നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ല. മതേതര ശക്തിയുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ച്ച. ലൈഫ് മിഷൻ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്ത് വരൂ. അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം രണ്ടാം അധ്യായമായി അവസാനിക്കും. മുഖ്യമന്ത്രി രാജിവെക്കുന്നതാണ് മാന്യത. ഇല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.