തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ബിജെപിക്ക് സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിനേക്കാൾ തെറ്റായ കാര്യങ്ങൾ സംസ്ഥാന ബജറ്റിൽ നടന്നു എന്ന ധാരണ പ്രതിഷേധത്തിലൂടെ ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേന്ദ്രം പിരിക്കുന്ന ഇന്ധന സെസിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. കേരളത്തോട് താത്പര്യമുണ്ടെങ്കിൽ ബിജെപിയും പ്രതിഷേധത്തിൽ നിന്ന് മാറി നിൽക്കണം. നികുതി ഏർപ്പെടുത്തുന്നത് പുതിയ കാര്യമല്ല. 2015-16ൽ യുഡിഎഫ് സർക്കാർ ഇന്ധനത്തിന് ഒരു രൂപ സെസ് ഈടാക്കി. 56 രൂപയായിരുന്നു അന്ന് ഇന്ധനവില. ബ്രാൻഡ് പെട്രോളിന് 21.10 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്. ഡീസലിന് 14 രൂപയാണ് നികുതി. സംസ്ഥാന ബജറ്റിനെതിരെ സമരം ചെയ്യുന്നവർ ഇതെല്ലാം ജനങ്ങളോട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബജറ്റിൽ മുൻപും നികുതി നിർദേശം വന്നിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്തരം പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടില്ല. കോവിഡ് കാരണം 2021ൽ നികുതി ഏർപ്പെടുത്തിയില്ല. അന്ന് 20,000 കോടിയുടെ പാക്കേജും പിന്നീട് 5,000 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റിലും വലിയ നികുതി വർധനയുണ്ടായില്ല. ജിഎസ്ടി വന്നതോടെ കുറച്ചു കാര്യങ്ങളിലാണ് സംസ്ഥാനത്തിനു നികുതി ഏർപ്പെടുത്താൻ കഴിയുന്നത്. കേന്ദ്രം നൽകേണ്ട വിഹിതം നൽകാത്തതിനെക്കുറിച്ച് യുഡിഎഫ് പറയുന്നില്ല. എംപിമാർ കേരളത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി കാര്യങ്ങൾ അവതരിപ്പിക്കണം. ഉന്നയിക്കേണ്ട കണക്കുകൾ എംപിമാർക്കു വീണ്ടും നൽകാൻ തയാറാണ്. കേരളത്തിന്റെ കാര്യം പാർലമെന്റിൽ പറയുമ്പോൾ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കണം, മുന്നണി താൽപര്യമല്ല കാണിക്കേണ്ടത്. ബിജെപി നേതാക്കളെപോലെ യുഡിഎഫ് എംപിമാർ കാര്യങ്ങളെ കാണരുതെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.

