തിരുവനന്തപുരം: അഗ്നിബാധകൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനം മൂലം വേനൽക്കാലം എത്തും മുൻപു തന്നെ ഇത്തവണ ചൂടിൻറെ ആധിക്യം വർദ്ധിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി അഗ്‌നിബാധയടക്കം ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏത് തീപ്പിടത്തമായാലും ഉടൻ തന്നെ വിവരം അടുത്തുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്‌നിബാധയും മറ്റ് അപകടങ്ങളും അഗ്‌നിരക്ഷാ വകുപ്പിനെ 101 എന്ന നമ്പറിൽ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അഗ്‌നിബാധയ്ക്ക് ഇടയാക്കുന്ന തരത്തിൽ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളിൽ വേസ്റ്റ് കത്തിക്കരുത്. വേസ്റ്റും മറ്റും കത്തിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കെട്ടിടങ്ങൾക്ക് സമീപം തീ പടരാൻ സാധ്യതതയുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളിൽ പുകവലി നിർബന്ധമായും ഒഴിവാക്കുക. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക എന്നിവയൊക്കെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കെട്ടിടങ്ങളിലെ സ്ഥിരം അഗ്‌നിശമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം, തീ കത്താൻ പര്യാപ്തമായ വസ്തുക്കൾ കൂട്ടിയിടരുത്. വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. രാത്രിയിൽ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളിൽ നിന്നും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കണം.
ഒഴിഞ്ഞ പറമ്പുകളിലും പുരയിടങ്ങളിലും കത്താൻ പര്യാപ്തമായ രീതിയിൽ പുല്ലും സസ്യലതാതികളും ഉണങ്ങി നിൽക്കുന്നവ നീക്കം ചെയ്യണം. കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികളടക്കം ശ്രദ്ധിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാൽ പരിശോധിച്ചതിനുശേഷം യാത്ര തുടരുക. വാഹനങ്ങളിൽ തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

